Kerala
മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. പൂക്കോട്ടുംപാടം സ്വദേശി ശ്രീഹരിയുടെ ബൈക്കിനാണ് തീപിടിച്ചത്.
നിലമ്പൂർ ചക്കാലക്കുത്ത് റോഡിലാണ് സംഭവം. ബൈക്കിന്റെ പിൻഭാഗത്താണ് ആദ്യം തീ പടർന്നത്.
National
പാറ്റ്ന: ബിഹാറിലെ ദർബംഗ ജില്ലയിൽ പരീക്ഷ കഴിഞ്ഞിറങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി.
സ്കൂളിൽ പരീക്ഷ എഴുതാൻ പോയ പെൺകുട്ടി മടങ്ങിവരുമ്പോഴാണ് സ്വന്തം നാട്ടുകാരനായ യുവാവ് ബൈക്കിൽ വീട്ടിയിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തത്. മുൻപരിചയമുള്ളതിനാൽ പെൺകുട്ടി ഇയാളുടെ ഒപ്പം ബൈക്കിൽ കയറുകയായിരുന്നു. എന്നാൽ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം മറ്റൊരു ഗ്രാമത്തിലേക്കാണ് യുവാവ് പെൺകുട്ടിയെ കൊണ്ടുപോയത്. അവിടെ മറ്റൊരു യുവാവും ഉണ്ടായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
സംഭവത്തിന് ശേഷം പെൺകുട്ടി വീട്ടിലെത്തി വിവരങ്ങൾ കുടുംബാംഗങ്ങളെ അറിയിക്കുകയും പൊലിസിൽ പരാതി നൽകുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലിസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ച് പ്രതികളെ പിടികൂടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കണ്ണൂര്: പരിയാരത്ത് ബൈക്കിലെത്തി വയോധികയുടെ സ്വര്ണമാല കവര്ന്ന ദമ്പതിമാര് പിടിയില്. പയ്യന്നൂര് തായനേരി സ്വദേശി തറമ്മല് അര്ജുന്, ഭാര്യ ഹെലോയ്സ് എന്നിവരാണ് പിടിയിലായത്.
സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞത്. ആശുപത്രിയില് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സരോജിനി. പെട്ടെന്നാണ് ബൈക്കിലെത്തിയ സ്ത്രീയും പുരുഷനും വഴി ചോദിക്കാനെന്ന വ്യാജേന സമീപത്ത് നിര്ത്തിയത്.
പൊടുന്നനെ പിന്നിലിരുന്ന സ്ത്രീ സരോജനിയുടെ കഴുത്തില് കിടന്ന ഒന്നര പവന്റെ സ്വര്ണമാല പൊട്ടിച്ചെടുത്തു. ദന്പതിമാർ നിമിഷ വേഗം കൊണ്ട് സ്ഥലം വിട്ടു. പരാതി കിട്ടിയതോടെ പരിയാരം പൊലിസ് തെരച്ചില് തുടങ്ങി. സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള് അര്ജുനും ഭാര്യ ഹെലോയ്സുമാണെന്ന് തിരിച്ചറിഞ്ഞത്.
അര്ജുനെ പയ്യന്നൂരില് നിന്നും ഭാര്യ ഹെലോയ്സിനെ തൃക്കരിപ്പൂരിലെ വീട്ടില് നിന്നുമാണ് പൊലിസ് പിടികൂടിയത്. ഇവര് സഞ്ചരിച്ച ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ബാധ്യത തീര്ക്കുന്നതിനായാണ് കവര്ച്ച നടത്തിയതെന്ന് ഇവര് പൊലിസിന് മൊഴി നല്കി.
Kerala
തിരുവനന്തപുരം: വെങ്ങാനൂരിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. റിട്ടയേർഡ് എഎസ്ഐ ഉൾപ്പെടെയുള്ള രണ്ട് പേർക്കാണ് പരിക്കേറ്റത്.
വെണ്ണിയൂർ സ്വദേശിയായ റിട്ട. എ.എസ്.ഐ പ്രഭാകരൻ നായർക്ക് (72) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന വാഴിച്ചൽ സ്വദേശി ശരത്തിനും (35) പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയിൽ റോഡിലുടനീളം കറൻസി നോട്ടുകൾ ചിതറിപ്പറന്നത് കൗതുകത്തോടൊപ്പം ആളുകളെ പരിഭ്രാന്തരാക്കുകയും ചെയ്തു.
വെണ്ണിയൂരിൽ പലചരക്ക് കടയും കാർഷിക ഉപകരണ വിൽപ്പന കേന്ദ്രവും നടത്തുന്ന പ്രഭാകരൻ നായർ ബാങ്കിൽ അടയ്ക്കാനായി കൊണ്ടുപോയ ഒന്നര ലക്ഷത്തോളം രൂപയാണ് അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണത്. ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ റോഡിൽ ചിതറിക്കിടന്ന പണം മുഴുവൻ ശേഖരിച്ച് പൊലിസിനെ ഏൽപ്പിച്ചു.
മാതൃകാപരമായ ഈ പ്രവർത്തിക്ക് നാട്ടുകാരെ പോലീസ് അഭിനന്ദിച്ചു. സംഭവത്തിൽ വിഴിഞ്ഞം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
പാറ്റ്ന: ബിഹാറിലെ ജാമുയി ജില്ലയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്കും യുവാവിനും നേരെ ഒരു സംഘം ആളുകളുടെ ആക്രമണം. വിജനമായ വനമേഖലയോട് ചേർന്നുള്ള റോഡിൽ വച്ചാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും വഴിയിൽ തടഞ്ഞുനിർത്തി ഉപദ്രവിക്കുന്നത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെയും യുവാവിനെയും ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തുകയായിരുന്നു. തടയാൻ ശ്രമിച്ച യുവാവിനെ സംഘം ബലമായി പിടിച്ചുമാറ്റി. മുഖംമൂടി ധരിച്ച ഒരാൾ യുവതിയെ പുറകിൽ നിന്ന് പിടിച്ച് വിജനമായ മറ്റൊരു ഭാഗത്തേക്ക് ബലമായി വലിച്ചിഴച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവതി നിലവിളിച്ചുകൊണ്ട് കൈകൂപ്പി അപേക്ഷിക്കുകയും ശക്തമായി ചെറുത്തുനിൽക്കുകയും ചെയ്തു. ഒടുവിൽ ഇരുവരും അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലിസ് കേസെടുത്തു. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളവരെ ഉടൻ തിരിച്ചറിഞ്ഞ് നടപടി നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
Kerala
കോഴിക്കോട്: സ്കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു. അത്തോളി കോതങ്കൽ ഈയപ്പക്കണ്ടി സൈതലവി (70) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് സംഭവം.
കോതങ്കൽ ഹൈസ്ക്കൂളിൽ കലോത്സവം നടക്കുന്നതിനിടെ അവിടെനിന്നും ബൈക്കിൽ എത്തിയ വിദ്യാർഥികൾ റോഡിലൂടെ നടന്നുപോവുന്ന സൈതലവിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈദലവി ഏറെ ദൂരം തെറിച്ചുപോയി. തുടർന്ന് ബൈക്ക് നിർത്താതെ കടന്ന് പോവുകയും ചെയ്തു.
മുന്നുപേരുണ്ടായിരുന്ന ബൈക്കിൽ നിന്ന് ഒരാൾ അവിടെ തന്നെ തെറിച്ച് വീഴുകയും പരിക്കേൽക്കുകയും ചെയ്തു. ഈ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ അപകടമുണ്ടാക്കിയ ബൈക്കിലെ മറ്റ് രണ്ട് വിദ്യാർഥികളെയും കണ്ടെത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിലെ ആർ.കെ. പുരത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ കാർ ഇടിച്ചു. സംഭവത്തിൽ കാർ ഡ്രൈവർ വേണുഗോപാൽ (73) പിടിയിലായി. വ്യാഴാഴ്ച രാത്രി പത്തിനായിരുന്നു അപകടം നടന്നത്.
മുനിരക സ്വദേശി തനിഷ് തോക്കാസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ വേണുഗോപാലിന്റെ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തനിഷ് തോക്കാസ് താഴേക്ക് വീണെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. എന്നാൽ കാറിനടിയിൽ കുടുങ്ങിയ ബൈക്ക് ഏകദേശം 100 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു.
സംഭവത്തിൽ കേസെടുത്ത പൊലിസ് വേണുഗോപാലിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇയാൾ മദ്യപിച്ചിരുന്നില്ലെന്ന് പൊലിസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.
Kerala
തൃശൂർ: വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിൽ ചേലക്കര ചിറങ്ങോണത്ത് നിയന്ത്രണം വിട്ട ആംബുലൻസ് ബൈക്കിന്റെ പിന്നിലിടിച്ച് മറിഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രികനായ തൊഴൂപ്പാടം സ്വദേശി അർഷാദിന് പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവില്വാമല നിർമാല്യ ആഘോഷത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന എലിഫന്റ് സ്ക്വാഡിന്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. സംസ്ഥാനപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ആംബുലൻസ് പെട്ടെന്ന് നിയന്ത്രണം വിട്ട് മുന്നിൽ പോവുകയായിരുന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ആംബുലൻസും ബൈക്കും റോഡിലേക്ക് മറിയുകയും, ബൈക്ക് യാത്രികൻ റോഡിൽ നിന്ന് അൽപം ദൂരേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ആംബുലൻസിലുണ്ടായിരുന്ന ജീവനക്കാർക്കും എലിഫന്റ് സ്ക്വാഡിലെ അംഗങ്ങൾക്കും നിസാര പരിക്കുകളേറ്റിട്ടുണ്ട്.
അപകട ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ തന്നെ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ എത്തിക്കുകയായിരുന്നു.
National
ചണ്ഡീഗഡ്: ഡൽഹി-ജയ്പൂർ ഹൈവേയിൽ ഖേർക്കി ദൗല ടോൾ പ്ലാസയ്ക്ക് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മുഹമ്മദ് അർമാൻ (14), പ്രിൻസ് കുമാർ (14), നവ്നീത് കുമാർ (19) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ മൂവരും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച നവ്നീതാണ് ബൈക്ക് ഓടിച്ചിരുന്നത്.
ടോൾ പ്ലാസയ്ക്ക് സമീപം യു-ടേൺ എടുക്കുകയായിരുന്ന ലോറിയുടെ പിന്നിലേക്ക് ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. ബൈക്ക് ഓടിച്ച നവ്നീതിന് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് അപകടസമയത്ത് ആരും ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും പൊലിസ് പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പത്തനംതിട്ട: മദ്യപിച്ച് ബൈക്കോടിച്ച് രോഗിയുമായി പോയ ആംബുലൻസിലിടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തണ്ണിത്തോട് പൊലിസ് സ്റ്റേഷനിലെ സിപിഒ പ്രവീൺ കുമാറാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി പത്തനംതിട്ട കോന്നി കൊന്നപ്പാറയിലാണ് അപകടമുണ്ടായത്. പ്രവീൺകുമാർ മദ്യപിച്ച് ഓടിച്ച ബൈക്ക് നിർത്തിയിട്ടിരുന്ന ആംബുലൻസിൽ ഇടിച്ചു കയറുകയായിരുന്നു.
നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആംബുലൻസിലേക്ക് പൊലിസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്ന പ്രവീണിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. പ്രവീൺകുമാറിനെ നാട്ടുകാരാണ് തടഞ്ഞുവച്ച് പൊലിസിന് കൈമാറിയത്.
Kerala
കൊച്ചി: നിര്ത്തിയിട്ടിരുന്ന ബൈക്കിന്റെ സൈഡില് ഇടിച്ച് അപകടം ഉണ്ടാക്കിയ ശേഷം വാഹനം നിര്ത്താതെ പോയി. മൂത്തകുന്നം കൊട്ടുവള്ളിക്കാട് കളത്തിപ്പറമ്പില് സഖിത്ത് കുമാറിനാണ് (43) പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി 11.30 ന് ചെറായി പള്ളിപ്പടി സ്റ്റോപ്പിന് തെക്ക് ഭാഗത്ത് വച്ചായിരുന്നു അപകടം. സഖിത്ത് ബൈക്ക് നിര്ത്തിയ സമയം പിന്നാലെ വന്ന മറ്റൊരു ബൈക്ക് വലതുകാലില് വന്ന് ഇടിക്കുകയായിരുന്നു. ഇതിനു ശേഷം ഇടിച്ച ബൈക്ക് നിര്ത്താതെ കടന്നുകളയുകയായിരുന്നു.
Kerala
ആലപ്പുഴ: കായംകുളത്ത് പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പത്തു വയസുകാരി ബസിനടിയിൽപെട്ട് മരിച്ചു. ചെട്ടികുളങ്ങര കണ്ണംമംഗലം ശ്രീലകം വീട്ടിൽ ശ്രീകാന്തിന്റെയും വിദ്യയുടെയും മകൾ ശ്രീഭദ്രയാണ് മരിച്ചത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് എൽപിഎസിലെ 4-ാം ക്ലാസ് വിദ്യാർഥിനിയാണ്.
കെപി റോഡിൽ കായംകുളം പൊലിസ് സ്റ്റേഷന് സമീപം കഴിഞ്ഞദിവസം വൈകുന്നേരം ആറേകാലിനാണ് അപകടം. പിതാവ് ശ്രീകാന്തിനൊപ്പം ബൈക്കിൽ വരികയായിരുന്നു ശ്രീഭദ്ര. മുന്നിൽ വരികയായിരുന്ന ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് മറിഞ്ഞ് ശ്രീഭദ്ര അതേ ബസിനടിയിലേക്ക് വീണു.
ഗുരുതരമായി പരിക്കേറ്റ ശ്രീഭദ്രയെ ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കരീലകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. സഹോദരൻ ശ്രീ ഗണേഷ്. അപകടത്തിൽ ശ്രീകാന്തിനും നിസാര പരിക്കേറ്റിട്ടുണ്ട്.
Kerala
മലപ്പുറം: കോട്ടയ്ക്കൽ ചങ്കുവെട്ടി മിനി റോഡിന് സമീപം മഹാരാഷ്ട്ര സ്വദേശിയുടെ മൊബൈല് ഫോണ് ബൈക്കിലെത്തി തട്ടിപ്പറിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. താനൂര് സ്വദേശി മുഹമ്മദ് ഹാഷിം (21) ആണ് അറസ്റ്റിലായത്.
സെപ്റ്റംബർ നാലിന് പുലര്ച്ചെ നാലോടെയാണ് സംഭവമുണ്ടായത്. മഹാരാഷ്ട്ര സ്വദേശി ആര്യവൈദ്യശാലയിലേക്ക് പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടു പേര് ഇയാളുടെ മൊബൈല് ഫോണ് തട്ടിപ്പറിച്ച് കടന്നു കളഞ്ഞത്. സംഭവത്തിന് പിന്നാലെ പരാതിയുടെ അടിസ്ഥാനത്തില് പൊലിസ് അന്വേഷണം ആരംഭിച്ചു.
പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള് ശേഖരിക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള് വിശദമായി പരിശോധിച്ചതിനൊപ്പം ലഭ്യമായ മറ്റ് വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കേസിലെ ഒന്നാം പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പൊലിസ്
പറയുന്നു.
തുടര്ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് ഹാഷിമിനെ പൊലിസ് പിടികൂടിയത്. കേസില് ഉള്പ്പെട്ട രണ്ടാമത്തെ പ്രതിക്കായുള്ള അന്വേഷണം പൊലിസ് ഊര്ജിതമാക്കിയിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി വിവിധ സ്ഥലങ്ങളില് പരിശോധനയും വിവര ശേഖരണവും തുടരുകയാണ്.
Kerala
കൊച്ചി: മരോട്ടിച്ചുവട് കെന്നടിമുക്കില് ബൈക്ക് മോഷണം പോയി. രണ്ടു യുവാക്കള് ചേര്ന്നാണ് ബൈക്ക് മോഷ്ടിച്ചത്. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി കാര്ത്തിക്കിന്റെ വാഹനമാണ് മോഷണം പോയത്. ഒരു സ്ഥാപനത്തിന് മുന്നില് വാഹനം പാര്ക്ക് ചെയ്ത് സുഹൃത്തുക്കള്ക്കൊപ്പം പോയി തിരികെയെത്തിയപ്പോള് വാഹനം കാണാതാവുകയായിരുന്നു.
കാര്ത്തിക്കും സുഹൃത്തുക്കളും സിസിടിവി ദൃശ്യങ്ങള് ശേഖരിച്ച് പരാതി നല്കുകയായിരുന്നു. തൃക്കാക്കര പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, ബൈക്ക് മോഷണം കൊച്ചിയില് പതിവാകുകയാണ്. കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലും ബൈക്ക് മോഷണം പോയിരുന്നു.
Kerala
കൊല്ലം: മാഞ്ഞാലിമുക്ക് ഭാഗത്തെ വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബുള്ളറ്റ് മോട്ടോർസൈക്കിൾ മോഷണം പോയ സംഭവത്തിലെ പ്രതി പിടിയിൽ. തിരുനെൽവേലി സ്വദേശി രമേഷ് എം. എന്ന സുഭാഷ് (24) ആണ് പിടിയിലായത്.
പ്രതിയെ കൊട്ടിയം പൊലിസ് തമിഴ്നാട്ടിലെത്തി പിടികൂടുകയായിരുന്നു. കഴിഞ്ഞ മാസം 23-ന് അർധരാത്രിയിലാണ് പ്രതി മോഷണം നടത്തിയതെന്നാണ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇയാൾ തമിഴ്നാട് സ്വദേശിയാണെന്ന് മനസിലാക്കി അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ചാത്തന്നൂർ എസിപി രാഖേഷിന്റെ മേൽനോട്ടത്തിൽ ചാത്തന്നൂർ ഇൻസ്പെക്ടർ അനീസിന്റെ നിർദേശപ്രകാരം കൊട്ടിയം എസ്എച്ച്ഒ. വിഷ്ണു സജീവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്ഐ അഭിജിത്ത്, സിപിഒമാരായ അരുൺ, അഖിൽ, ഷംനാദ്, പ്രവീൺ എന്നിവർ അടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Kerala
കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്ന്ന് ബൈക്കില് നിന്ന് വീണ ദമ്പതികള്ക്ക് പരിക്കേറ്റു. കോഴിക്കോട് മുക്കത്തിന് സമീപം പാമ്പിഴഞ്ഞപ്പാറ സ്വദേശി പള്ളത്ത് ഫൈസല്(37), ഭാര്യ അലീഫാത്തിമ (32) എന്നിവര്ക്കാണ് പരിക്കേറ്റത്.
തിരുവമ്പാടി-ഓമശ്ശേരി റോഡില് നീലേശ്വരം നടുക്കില്വച്ചായിരുന്നു സംഭവം. അപകടത്തില് ഫൈസലിന്റെ കൈകാലുകള്ക്കും താടിയെല്ലിനും നെറ്റിക്കും പല്ലിനും പരിക്കേറ്റിട്ടുണ്ട്.
അലീഫാത്തിമയ്ക്ക് കൈകാലുകള്ക്കും പുറം ഭാഗത്തുമാണ് പരിക്ക്. പരിക്കേറ്റ ഇരുവരെയും മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
Kerala
മലപ്പുറം: വണ്ടൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഉപ്പട ഉദിരംകുളം മങ്ങാട്ടുതൊടിക പ്രജീഷ് (31) ആണ് മരിച്ചത്.
സംസ്ഥാനപാതയിൽ വണ്ടൂരിനും ചെറുകോടിനും ഇടയിലെ താടി വളവിൽ ആണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ മൂന്നിനാണ് അപകടമുണ്ടായത്.
മങ്ങാട്ടുതൊടിക പ്രഭാകരന്റെ മകനാണ് പ്രജീഷ്. ഗുരുവായൂരിലെ ബാറിൽ ജീവനക്കാരനാണ്. അവിടെനിന്ന് നാട്ടിലേക്ക് ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
Kerala
തിരുവനന്തപുരം: നഗരൂർ പൊലിസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയി. സംഭവത്തിൽ നഗരൂർ പൊലിസ് അന്വേഷണം ആരംഭിച്ചു.
കേസുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയിലെടുത്ത വാഹനമാണ് സ്റ്റേഷന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തുനിന്ന് മോഷണം പോയത്. കോടതി ഉത്തരവുമായി കസ്റ്റഡിയിലുള്ള ബൈക്ക് തിരികെ വാങ്ങുന്നതിനായി ഉടമ സ്റ്റേഷനിലെത്തിയപ്പോഴാണ് വാഹനം കാണാനില്ലെന്ന വിവരം പൊലിസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് സ്റ്റേഷൻ വളപ്പിലും പരിസരത്തും പൊലിസ് നടത്തിയ വിശദമായ പരിശോധനയിലാണ് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന വാഹനം മോഷണം പോയതാണെന്ന് വ്യക്തമായത്. സിസിടിവി ക്യാമറയുടെ പരിധിയിലാണ് തൊണ്ടിമുതലുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സൂക്ഷിച്ചിരുന്നതെന്നാണ് വിവരം.
Kerala
ആലപ്പുഴ: മോഷ്ടിച്ച ബൈക്കുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പട്ടി വട്ടംചാടി നിയന്ത്രണം വിട്ടബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ബൈക്കിൽ സഞ്ചരിച്ച മൂന്നംഗസംഘത്തിലെ ഒരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. ആലപ്പുഴ മണ്ണഞ്ചേരി സബീൽ മൻസിൽ കണ്ടത്തിൽ സബീൽ (17), മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറെവീട്ടിൽ റിൻഷാദ് (20) എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്.
മണ്ണഞ്ചേരി കുന്നപ്പള്ളി മോഴൂപുറത്ത് ഷിജാസ് (19) ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച പുലർച്ചെ 3.21ന് ആലപ്പുഴ കൈചൂണ്ടി ജംഗ്ഷന് തെക്കുവശം ഗോൾഡൻ ചിപ്സ് കടയ്ക്കു മുന്നിലായിരുന്നു അപകടം. മോഷ്ടിച്ച ബൈക്കുമായെത്തിയ മൂവർ സംഘം അമിതവേഗതയിൽ തെറ്റായ ദിശയിലൂടെയാണ് ബൈക്ക് ഓടിച്ചുവന്നത്. എതിരേ വന്ന റിജോ ജോൺസണും സുഹൃത്ത് അക്ഷയ് വിൻസന്റും സഞ്ചരിച്ച ബൈക്കിലാണ് ഇവരുടെ ബൈക്കിടിച്ചത്.
അപകടത്തിൽ റിജോയുടെ ഇടതുകാലിനും കൈയ്ക്കും അക്ഷയുടെ ഇരുകൈകൾക്കും ഇടതുകാലിനും പരിക്കേറ്റു. ഇരുവരും നൽകിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്. മണ്ണഞ്ചേരി അമ്പനാകുളങ്ങര എച്ചിക്കുഴി കായിച്ചിറ കെ.ബി. പ്രമോദിന്റെ വീട്ടിൽനിന്ന് പൂട്ട് തകർത്താണ് സംഘം ബൈക്ക് കടത്തിയത്. കോട്ടയം നാട്ടകം ഗവ. കോളജിൽ ലൈബ്രറി അസിസ്റ്റന്റായ പ്രമോദ് ബുധനാഴ്ച വൈകുന്നേരം ഏഴരയോടെ വീട്ടിലെത്തി ബൈക്ക് പൂട്ടിയിട്ടിരുന്നു.
രാത്രി 10 വരെ ബൈക്ക് വീട്ടുമുറ്റത്തുണ്ടായിരുന്നതായി പ്രമോദ് പറഞ്ഞു. പുലർച്ചെ നാലോടെ നോർത്ത് പൊലിസ് ആർസി ഉടമയെ കണ്ടെത്തി വിളിച്ചപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം പ്രമോദ് അറിയുന്നത്. തെരുവുനായയെ ഇടിച്ചതോടെ നിയന്ത്രണംവിട്ട് മറിഞ്ഞ ബൈക്ക് 50 മീറ്ററോളം റോഡിലൂടെ തെന്നിനീങ്ങി. അപകടത്തിൽ റോഡിൽ തലയടിച്ചുവീണ സബീലും റിൻഷാദും തത്ക്ഷണം മരിച്ചു. നാട്ടുകാരാണ് ഷിജാസിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്.
National
ന്യൂഡൽഹി: ഡൽഹി കന്റോൺമെന്റ് മേഖലയിൽ ജീപ്പ് ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു. സുഖ്ബീർ, അഞ്ജു എന്നിവരാണ് മരിച്ചത്. ദമ്പതികൾ സഞ്ചരിച്ച ബൈക്കിലേക്ക് ജീപ്പ് ഇടിച്ച് കയറുകയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
അപകടത്തെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരണത്തിന് കീഴടങ്ങി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാകുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചുവരികയാണ്. കൂടുതൽ അന്വേഷണം നടന്നുവരുന്നു.
Kerala
കാലടി: ബൈക്കുകള് കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്ന്ന് യുവാവ് മരിച്ചു. ചൊവ്വര മാടവന വീട്ടില് തോമസിന്റെ മകന് ഷാരോണ് (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.30 ഓടെയാണ് അപകടം നടന്നത്.
ഷാരോണിന്റെ ബൈക്ക് ശ്രീമൂലനഗരത്ത് എതിര് ദിശയില് വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയ ഷാരോണിനെ പ്രദേശവാസികള് ചേര്ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചങ്കിലും ജീവന് രക്ഷിക്കാനായില്ല.
കാറ്ററിംഗ് ജോലിക്കാരനായ ഷാരോണ് അതുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നു അപകടം നടന്നത്. പോസ്റ്റ്മോര്ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ചൊവ്വര സെന്റ് ജോസഫ് പള്ളിയില് സംസ്കരിക്കും. അമ്മ: സിനി. സഹോദരിമാര്: അയന, അന്ന.
Kerala
കോട്ടയം: ചങ്ങനാശേരി എസി റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മേപ്രാൽ പെരിങ്ങതുരുത്തിൽ പി.ഡി. ജോണിന്റെ മകൻ എബിൻ പി. ഡേവിഡ് ജോൺ (30), മേപ്രാൽ നെടുംപറമ്പിൽ വീട്ടിൽ സച്ചിൻ രാജു (28) എന്നിവരാണ് മരിച്ചത്.
ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ കോണ്ടൂരിന് സമീപം ഇന്നു പുലർച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്.
Kerala
പിറവം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. കൊല്ലം പുനലൂർ അഴിപ്ലാക്കിൽ ഉഷ മന്ദിരത്തിൽ അരുണിന്റെ മകൻ ആദിത്യ അരുൺ കുമാറാ(20)ണു മരിച്ചത്. ഓണക്കൂർ ചിന്മയ വിശ്വവിദ്യാപീഠത്തിൽ മൂന്നാംവർഷ ബിടെക് കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് വിദ്യാർഥിയാണ് ആദിത്യ.
ബൈക്ക് ഓടിച്ചിരുന്ന ഇതേ കോളജിലെ ബിബിഎ വിദ്യാർഥിയായ പാമ്പാക്കുട അഞ്ചൽപ്പെട്ടി മംഗലത്ത് ഡോ. അരുൺ വർഗീസിന്റെ മകൻ ഇയാൻ ജോർജ് വർഗീസിന് (20) പരിക്കേറ്റു.
വെള്ളിയാഴ്ച ഉച്ചക്ക് 12.15ഓടെ പിറവം - മൂവാറ്റുപുഴ റോഡിൽ ഓണക്കൂർ കരയോഗപ്പടി ജംഗ്ഷനിലായിരുന്നു അപകടം. കോളജിലേക്കു പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടവഴിയിൽനിന്ന് പ്രധാന റോഡിലേക്കു പ്രവേശിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്നു ഇരുവരും തെറിച്ചുവീണു. വൈദ്യുത പോസ്റ്റിലിടിച്ച് ഹെൽമറ്റ് തകർന്നു തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ആദിത്യയുടെ മരണകാരണം. മൃതദേഹം പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Kerala
തിരുവനന്തപുരം: പാലോട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പേരയം മീൻമുട്ടി ചൂടൽ മഞ്ചു സദനത്തിൽ കിരൺ (24) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് ഒന്നരയോടെയ ചൂടൽ ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്. നെടുമങ്ങാട് നിന്നും പനവൂർ ആനകുളം വഴി പാലോട്ടേക്ക് വന്ന ബസ് കിരൺ ഓടിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. യുവാവിന്റെ മൃതദേഹം പാലോട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ പാലോട് പോലീസ് കേസെടുത്തു.
District News
കൊയിലാണ്ടി: കോരപ്പുഴ പുതിയ ബൈപാസിൽ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. ചെങ്ങോട്ടുകാവ് സെറീന കോട്ടേജിലെ ഫർസീൻ അഹമ്മദാണ് (18) മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫൈസൽ അഹമ്മദ് -റംസീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുഹമ്മദ് ഫിസാൻ, ഫാത്തിമ റിഫ്ന.
Kerala
തിരുവനന്തപുരം: പനവൂർ ചുള്ളാളത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കല്ലറ സ്വദേശി അരുൺ (34) ആണ് മരിച്ചത്. പുത്തൻപാലം റോഡിൽ ചുള്ളാളം മുസ്ലീം പള്ളിയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെ 6.45 നായിരുന്നു അപകടം.
വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു അരുൺ. തേമ്പാടുനിന്നും ക്വാറിയിലേക്ക് ജോലിക്ക് പോയ അരുണും ക്വാറിയിൽ നിന്നും പാറ കയറ്റി തേമ്പാമൂട് ഭാഗത്തേക്ക് പോയ ടിപ്പറുമാണ് അപകടത്തിൽപ്പെട്ടത്. ചുള്ളാളത്തുവച്ച് സുഹൃത്തായ ടിപ്പർ ഡ്രൈവറെ കണ്ട് അരുൺ കൈ കാണിച്ചു. ആ സമയം ബൈക്ക് തെന്നി ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു. ടിപ്പറിനടിയിലായ യുവാവിന്റെ തലയിലൂടെ ടയർ കയറി ഇറങ്ങി. അരുൺ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് കേസെടുത്തു.
Kerala
കൊട്ടാരക്കര: പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്ഥി ഉള്പ്പെടെ രണ്ടുപേര് മരിച്ചു.
പൂവറ്റൂര് കിഴക്ക് സന്ധ്യാ ഭവനില് അനില്കുമാര്-ബിന്ദു ദമ്പതികളുടെ മകന് അടൂര് ഐടിഐ വിദ്യാര്ഥിയായ ആഷിക്. ബി. അനില് (19), കലയപുരം പെരുംകുളം ബിജു സദനത്തില് എം. ബിജു- അനു ദമ്പതികളുടെ മകന് ബി. ലാല് കൃഷ്ണ (20) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 4.30.ടെ കൊട്ടാരക്കര പെരുംകുളം സിഎസ്ഐ പള്ളിക്കു സമീപമാണ് അപകടം. കൊട്ടാരക്കരയില്നിന്നും പൂവറ്റൂരേക്കു പോയ പിക്ക്അപ്പും എതിര്ദിശയില്വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് പിക്ക് ആപ്പ് വാഹനത്തിന്റെ സൈഡില്തട്ടി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു.
തലയിലും മുഖത്തും സാരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ആഷിക്കിന്റെ സഹോദരന് അമൃത്, ലാല്കൃഷ്ണയുടെ സഹോദരി രമ്യകൃഷ്ണന്.
Kerala
പുനലൂർ: നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ടിരുന്ന പിക്കപ് വാനിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കുളത്തൂപ്പുഴ നെല്ലിമൂട് ആകാശ് ഭവനിൽ സുരേഷ്– അജിത ദമ്പതികളുടെ മകൻ ആകാശ് (22) ആണ് മരിച്ചത്.
അഞ്ചൽ– കുളത്തൂപ്പുഴ മലയോര ഹൈവേയിൽ പത്തടിയിൽ വെള്ളിയാഴ്ച രാത്രി 11നായിരുന്നു അപകടം. അഞ്ചലിൽ നിന്നു കുളത്തൂപ്പുഴയിലേക്കു വരികയായിരുന്ന ആകാശിന്റെ ബൈക്ക് നിയന്ത്രണംവിട്ട് പിക്കപ് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആകാശ് തെറിച്ചുവീണു.
തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണം. ബംഗളൂരുവിൽ അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്നു ആകാശ്.
District News
ഉള്ളൂര്: വ്യാജ നമ്പര്പ്ലേറ്റ് പതിച്ച ബൈക്കുമായി സഞ്ചരിച്ച തമിഴ്നാട് സ്വദേശിയെ പേട്ട സിഐയും സംഘവും പിടികൂടി. കന്യാകുമാരി മാര്ത്താണ്ഡം ഹാര്ബര് തേങ്ങാപ്പട്ടണം സ്വദേശി മായാണ്ടി (27) ആണ് പിടിയിലായത്. സിറ്റി പൊലീസ് കമ്മീഷണര് അരുള് ആര്.ബി. കൃഷ് ണയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് പേട്ട പൊലീസ് പാറ്റൂരില് നിരീക്ഷണം നടത്തുന്നതിനിടെയാണ് പാറ്റൂര് ജംഗ്ഷനിലൂടെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഹീറോ ഹോണ്ട സ്പ്ലണ്ടര് ബൈക്കുമായി സഞ്ചരിക്കുന്നയാളെ ശ്രദ്ധിച്ചത്. ഇയാളെ തടഞ്ഞുനിര്ത്തി നടത്തിയ പരിശോധനയില് മുന്നിലും പിന്നിലുമുള്ള നമ്പര്പ്ലേറ്റ് വ്യാജമാണെന്നു തെളിഞ്ഞു.
വാഹനത്തില് എന്ജിന് നമ്പരും ചേസിസ് നമ്പരും ചുരണ്ടി മാറ്റിയ നിലയിലായിരുന്നു. അതിനാല് കൂടുതല് വിവരങ്ങള് കണ്ടെത്താന് സാധിച്ചിരുന്നില്ല. അതേസമയം താന് തമിഴ്നാട്ടിലെ ഒരാളില്നിന്നു പണംനല്കി വാങ്ങിയ ബൈക്കാണെന്നാണ് മായാണ്ടി പൊലീസിനോടു പറഞ്ഞത്. ബൈക്ക് മോഷണവസ്തുവാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
മായാണ്ടി വര്ഷങ്ങളായി തിരുവനന്തപുരത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണെന്നും ആക്രിവില്പ്പന നടത്തുന്നയാളാണെന്നും പേട്ട പൊലീസ് പറഞ്ഞു. അറസ്റ്റിലായ മായാണ്ടിയെ കോടതിയില് ഹാജരാക്കി.
ഇയാളെ കസ്റ്റഡിയില് വാങ്ങി തെളിവെടുപ്പ് നടത്തിയാല് മാത്രമേ ബൈക്ക് മോഷണവസ്തുവാണോ അല്ലയോ എന്നുള്ള കാര്യം വ്യക്തമാകുകയുള്ളൂ. ബൈക്ക് പൊലീസ് കസ്റ്റഡിയിലാണ്.
Kerala
കൊച്ചി: ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് അപകടകരമായ രീതിയിൽ യാത്ര ചെയ്ത സംഭവത്തിൽ വാഹനമോടിച്ച വിദ്യാർഥിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് ശിപാർശ ചെയ്തു. ഇതിന് പുറമെ, വിദ്യാർഥികൾ നിർബന്ധമായും മോട്ടോർ വാഹന വകുപ്പിന്റെ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണമെന്നും എൻഫോഴ്സ്മെന്റ് ആർടിഒ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കുസാറ്റിലെ വിദ്യാർഥികളാണ് ഇടപ്പള്ളി ഭാഗത്തെ റോഡിലൂടെ യാതൊരുവിധ സുരക്ഷാ മുൻകരുതലുമില്ലാതെ അഭ്യാസപ്രകടനം നടത്തിയത്. ബൈക്കിന് പിന്നിൽ തിരിഞ്ഞിരുന്ന് യാത്ര ചെയ്തതിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരൻ പകർത്തി മോട്ടോർ വാഹന വകുപ്പിന് കൈമാറിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇതിന് പുറമെ, ഹെൽമെറ്റ് ധരിക്കാതെ മൂന്ന് പേരെ കയറ്റി ബൈക്ക് ഓടിച്ച മറ്റൊരു വിദ്യാർഥിക്കെതിരെയും മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചു. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസും സസ്പെൻഡ് ചെയ്യാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കും അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Kerala
പാലോട്: വാഹനാപകടത്തിൽ യുവതി മരിച്ചു. ഇടിഞ്ഞാർ മാടൻ കരിക്കകത്ത് വീട്ടിൽ മഞ്ജു (28) ആണ് കഴിഞ്ഞ ദിവസം രാത്രി പാരിപ്പള്ളിയിൽ വച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത്.
മഞ്ജുവും ഭർത്താവ് റിബിൻ ജോസും മക്കളായ ആരോൺ, ആരാദ്യ എന്നിവരോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കാറിടിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പാരിപ്പള്ളിയിൽ റബ്ബർ ടാപ്പിംഗ് ജോലി ചെയ്യുകയായിരുന്നു റിബിൻ ജോസും കുടുംബവും.
റിബിൻ ജോസിന്റെ സുഹൃത്തിന്റെ വീട്ടിൽ സന്ദർശനത്തിനു ശേഷം മടങ്ങുന്നതിനിടയിലായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ റിബിൻ ജോസും മക്കളായ ആരോണും, ആരാധ്യയും പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.
ഗുരുതരമായി പരിക്കേറ്റ മഞ്ജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ പപ്പാലഗുഡയിൽ അമിതവേഗത്തിലെത്തിയ ലോറി ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. കട്ടേദാൻ സ്വദേശി സുശീൽ കുമാർ (28) ആണ് മരിച്ചത്. കുടെയുണ്ടായിരുന്ന സുഹൃത്ത് സുരേഷിന് പരിക്കേറ്റു. സംഭവത്തിൽ ലോറി ഡ്രൈവർ രഞ്ജിത് സിംഹയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹഫീസ്പേട്ടിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു സുശീലും സുരേഷും. പിന്നിൽ നിന്നെത്തിയ ലോറി ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സുശീൽ സംഭവസ്ഥലത്തു തന്നെ മരിച്ചു.
അപകടത്തിന് ശേഷവും വാഹനം നിർത്താതെ പോയ ഡ്രൈവർ മറ്റ് രണ്ട് വാഹനങ്ങളിൽ കൂടി ഇടിച്ച ശേഷമാണ് ലോറി നിർത്തിയത്. മറ്റ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവത്തിൽ പോലീസ് കേസെടുത്ത് രഞ്ജിതിനെ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കോഴിക്കോട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്ച്ചെ 5.45ന് താഴെ കൂടരഞ്ഞിയിലുണ്ടായ അപകടത്തിൽ പൂവാറംതോട് സ്വദേശി അഭിജിത്ത് ആണ് മരിച്ചത്.
അഭിജിത്തും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിര് ദിശയില് എത്തിയ കാറും തമ്മില് കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഭിജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
ചിറ്റൂർ: ബൈക്കിൽ കഞ്ചാവു കടത്തുന്നതിനിടെ രണ്ടു പേരെ ചിറ്റൂർ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു.
പെരുമാട്ടി നന്ദിയോട് കൈപ്പൻകളം സ്വദേശി എം. മിഥുൻദാസ് (29), മുതലമട നരിപ്പാറ ചള്ള സ്വദേശി യു. മധു (27) എന്നിവരെയാണ് 1.45 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.
ഇന്നലെ പുലർച്ചെ 1.30ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തത്തമംഗലത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കൊല്ലങ്കോട് സ്റ്റേഷൻ പരിധിയിലെ ഒട്ടേറെ കേസുകളിലെ പ്രതിയായ മധുവിനെ കഴിഞ്ഞമാസം കാപ്പ ചുമത്തി മൂന്നു മാസത്തേക്കു ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു. വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനും മധുവിനെതിരേ കേസെടുക്കും.
Kerala
കൊച്ചി: കൂത്താട്ടുകുളം എംസി റോഡില് ബൈക്ക് വൈദ്യുതി പോസ്റ്റില് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മീങ്കുന്നം സ്വദേശി അജയ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മീങ്കുന്നം സ്വദേശിയായ ജോബിനെ ഗുരുതര പരിക്കുകളോടെ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഞായാറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. അമിതവേഗതയില് എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില് ബൈക്കിന്റെ മുന്വശം പൂര്ണമായും തകര്ന്നു. മൃതദേഹം പോസ്റ്റുമോര്ട്ടത്തിന് ശേഷം ബന്ധുക്കള്ക്ക് വിട്ടു നല്കും.
Kerala
കൊച്ചി: മൂവാറ്റുപുഴ മാറാടിയില് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് 12 ഓടെ നടന്ന അപകടത്തില് തലയോലപ്പറമ്പ് സ്വദേശി സുമിത് എം. ഡേവിഡ് ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
മൂവാറ്റുപുഴയില് നിന്നും പിറവം ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് സ്വദേശികളുടെ ലോറിയും പിറവത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തില് പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിയുടെ അടിയിലേക്ക് തെന്നി മാറിയതാകാം അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മൂവാറ്റുപുഴ ജനറല് ആശുപത്രിയിലേക്ക് മാറ്റി.
Kerala
മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചുണ്ടായ അപകടത്തിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ കണ്ണമംഗലം തോട്ടശേരിയറയിലുണ്ടായ അപകടത്തിൽ കെ.പി.ഷഹബാസാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ഷഹബാസ് പൾസർ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. തോട്ടശേരിഅറയിലെ ഓവുപാലത്തിന് സമീപമെത്തിയപ്പോൾ വാഹനത്തിൽ നിന്ന് തീയും പുകയും ഉയർന്നു. തുടർന്ന് ഷഹബാസ് ഉടൻ തന്നെ ബൈക്ക് നിർത്തുകയായിരുന്നു.
സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ വെള്ളമൊഴിച്ച് ബൈക്കിലെ തീ പൂർണമായും അണച്ചതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ബൈക്കിന്റെ ചില ഭാഗങ്ങൾ കത്തിനശിച്ചു.
Kerala
പനത്തടി: പനത്തടി സ്വദേശിയായ യുവാവ് ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു. പുലിക്കടവിലെ പ്രകാശിന്റെയും പനത്തടിയിൽ കംപ്യൂട്ടർ സ്ഥാപനം നടത്തുന്ന ലക്ഷ്മിയുടെയും മകൻ നിപിൻ (30) ആണ് മരിച്ചത്.
ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടയിൽ നിതിൻ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
സഹോദരങ്ങൾ: അഡ്വ. മിഥുൻ (കാസർഗോഡ്), കിരൺ.
Kerala
തിരുവനന്തപുരം: തിരുവല്ലം ടോൾപ്ലാസക്ക് സമീപം ബൈക്ക് സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിനും യുവതിക്കും ദാരുണാന്ത്യം. എറണാകുളം സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിയായ യുവതിയുമാണ് മരിച്ചത്.
കോവളം ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. രണ്ടുപേരുടെയും തല സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിൽ ഇടിച്ചാണ് മരണം സംഭവിച്ചതെന്ന് അധികൃതർ പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരുവല്ലം പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
Kerala
കൊല്ലം: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിലെ അർജന്റീനയുടെ വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം കരിക്കോട് ടികെഎം. കോളേജ് ജംഗ്ഷനു സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
അർജന്റീ-ഈജിപ്ത് മത്സരത്തിലെ അർജന്റീനയുടെ വിജയത്തിന് പിന്നാലെ ആരാധകർ നടത്തിയ പ്രകടനത്തിനിടയിലാണ് അപകടമുണ്ടായത്. കിളികൊല്ലൂർ സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് പൂർണമായും കത്തി നശിച്ചത്.
ബൈക്ക് അമിതമായി ആക്സിലറേറ്റ് ചെയ്തതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. ഓടുന്നതിനിടെ ബൈക്കിന്റെ ഉൾഭാഗത്തുനിന്നു പെട്ടെന്ന് സ്പാർക്ക് ഉണ്ടാകുന്നത് ഉടമ അഭിലാഷിന്റെ ശ്രദ്ധയിൽപ്പെട്ടു.
ഉടൻതന്നെ അദ്ദേഹം വണ്ടി റോഡരികിലേക്ക് ഒതുക്കി നിർത്തി. തൊട്ടുപിന്നാലെ ബൈക്കിലേക്കു തീ ആളിപ്പടരുകയായിരുന്നു. തക്കസമയത്തു വണ്ടി നിർത്തി മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.
Kerala
കൊച്ചി: അങ്കമാലി ദേശീയപാതയില് ടെല്ക്ക് വളവില് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തൃശൂര് ആറാട്ടുപുഴ സ്വദേശി സി.ആര്. ശരത് (34) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. ഉടനെ അങ്കമാലി എല്എഫ് ആശുപത്രിയില് എത്തിച്ചെങ്കിലും പുലര്ച്ചയോടെ മരിക്കുകയായിരുന്നു.
Kerala
ഇടുക്കി: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മരച്ചില്ല ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഏലപ്പാറ ചെമ്മണ്ണിലുണ്ടായ സംഭവത്തിൽ ചെമ്മണ്ണ് സ്വദേശി തടത്തിൽ പ്രണവ് (21) ആണ് മരിച്ചത്.
പ്രണവ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രണവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നിലവിൽ പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
കൊച്ചി: ദേശീയപാത നെടുമ്പാശേരി അത്താണിയിൽ നിർത്തിയിട്ട ടാങ്കറിന് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ പത്തനംതിട്ട സ്വദേശി ആദിത്ത്പ്രസാദ് (24), സുഹൃത്ത് കപിൽ (23) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 6.50ഓടെ അത്താണി എയർപോർട്ട് കവലയിൽ നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം. ആദിത്ത് അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു. അവശനിലയിലായ കിരണിനെ ഉടൻ അങ്കമാലി എൽഎഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മലയം സ്വദേശി അജിൻ, സനുഷ് എന്നിവരാണ് മരിച്ചത്. കാട്ടാക്കട പൊട്ടൻകാവിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
കാട്ടാക്കടയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ബൈക്ക് ഇടിച്ചുകയറിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ ഇരുവരും ബസിനടിയിലേക്ക് തെറിച്ചുവീണു. യുവാക്കളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കോഴിക്കോട്: കുറ്റ്യാടിവടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു. വടയം സ്വദേശിയായ മുഹമ്മദ് (16) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് തെറിച്ച് വീഴുകയായിരുന്നു.
നിയന്ത്രണം വിട്ട ബൈക്ക് കാൽനട യാത്രക്കാരനെയും ഇടിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
Kerala
തൃശൂർ: പൂങ്കുന്നത്തെ ജനവാസമേഖലയിൽ ഒരു വീടിനുള്ളിൽനിന്നും വാഹനങ്ങളിൽനിന്നുമായി 18 മലമ്പാമ്പിൻകുഞ്ഞുങ്ങളെ കണ്ടെത്തിയതു നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തിയിലാഴ്ത്തി. പൂങ്കുന്നം എംജി നഗർ കൃഷ്ണനിലയം കാർത്തിക്കിന്റെ വീട്ടിൽനിന്നാണ് ഇന്നും ബുധനാഴ്ചയുമായി പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്.
കഴിഞ്ഞദിവസം തറയിൽനിന്ന് ഒരു പാമ്പിൻകുഞ്ഞ് ഇഴഞ്ഞുവരുന്നതു വീട്ടുകാർ കണ്ടിരുന്നു. തുടർന്നുനടത്തിയ പരിശോധനയിലാണ് ഇത്രയും പാമ്പിൻകുഞ്ഞുങ്ങളെ കണ്ടെത്തിയത്.
ബൈക്കിന്റെ സീറ്റിനടിയിൽനിന്ന് നാലും സ്കൂട്ടറിൽനിന്ന് രണ്ടും കുഞ്ഞുങ്ങളെ കണ്ടെത്തി. ഇരുവാഹനങ്ങളുടെയും സീറ്റുകൾ പൂർണമായി അഴിച്ചെടുത്താണ് വനംവകുപ്പ് സ്നേക് റെസ്ക്യൂവർമാർ പാന്പിൻകുഞ്ഞുങ്ങളെ പിടികൂടിയത്. വീടിനോടുചേർന്ന തോട്ടിൽനിന്നാണ് ഇവ എത്തിയിട്ടുണ്ടാകുകയെന്ന നിഗമനത്തിലാണ് കുടുംബം.
വീടിന്റെ തറപൊളിച്ചും പരിശോധന നടത്തി. വീടിനകത്തേക്കും പാമ്പിൻകുഞ്ഞുങ്ങൾ കയറിയിട്ടുണ്ടാകുമോ എന്ന ഭീതിയിലാണ് ഇപ്പോൾ കുടുംബം. തറയ്ക്കടിയിലെ മണ്ണ് ഇടിഞ്ഞ് വലിയൊരു വഴി രൂപപ്പെട്ടതാണ് ആശങ്ക ഇരട്ടിയാക്കുന്നത്.
വീട്ടിൽ കാർത്തിക്കിന്റെ പ്രായമായ മാതാപിതാക്കളും ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബമാണ് താമസിക്കുന്നത്.
Kerala
തിരുവനന്തപുരം: കഴക്കൂട്ടത്ത് കാട്ടുപന്നി ബൈക്കിൽ ഇടിച്ചു കോൺഗ്രസ് നേതാവിന് ഗുരുതരമായി പരുക്കേറ്റു. കോൺഗ്രസ് വെമ്പായം ബ്ലോക്ക് കമ്മിറ്റി ട്രഷററും അണ്ടൂർക്കോണം പറമ്പിൽപാലം സ്വദേശിയുമായ ജാബുവിന് (41) ആണ് പരിക്കേറ്റത്. ജാബുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 11ന് പള്ളിപ്പുറം പായ്ച്ചിറ റോഡിൽ ലാദൻസ് ഹോട്ടലിനു സമീപം ആയിരുന്നു അപകടം. ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ കുറ്റിക്കാട്ടിൽ നിന്നും പാഞ്ഞുവന്ന കാട്ടുപന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണു ഗുരുതരമായി പരുക്കേറ്റ ജാബുവിനെ നാട്ടുകാർ ചേർന്നു ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.
പഞ്ചായത്ത് മുൻ ഭരണസമിതി പാർക്കും ഓപ്പൺ ജിംനേഷ്യവും നിർമിക്കാനായി തെരഞ്ഞെടുത്ത സ്ഥലം ഇപ്പോൾ കാടുകയറി കിടക്കുകയാണ്. ഈ ഭാഗങ്ങളിൽ സ്ഥിരം അപകടങ്ങൾ നടക്കാറുണ്ടെന്നാണ് പരാതി.
അണ്ടൂർക്കോണം, ചന്തവിള സൈനിക സ്കൂൾ , കാട്ടായിക്കോണം, മടവൂർപ്പാറ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുമ്പോഴും പഞ്ചായത്തിന്റെയും നഗരസഭയുടെയും ഭാഗത്തു നിന്നും ശരിയായ രീതിയിൽ നടപടിയെടുക്കുന്നില്ല എന്ന ആക്ഷേപവുമുണ്ട്. കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് പന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോഴും ചികിത്സയിലാണ്.
Kerala
കൊച്ചി: എറണാകുളം ചെങ്ങമനാട് ബൈക്ക് കാറിലിടിച്ച് യൂത്ത് കോണ്ഗ്രസ് പ്രാദേശിക നേതാവിന് ദാരുണാന്ത്യം. യൂത്ത് കോണ്ഗ്രസ് ചെങ്ങമനാട് മണ്ഡലം ജനറല് സെക്രട്ടറി കപ്പശേരി കല്ലറയ്ക്കല് അല് അമീന് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളം റോഡിലായിരുന്നു അപകടം നടന്നത്.
എയര്പോര്ട്ട് റോഡില് വച്ച് ബൈക്ക് യൂടേണ് എടുക്കവെ കാര് വന്നിടിക്കുകയായിരുന്നു. അപകടത്തില് ഗുരുതരമായി പരിക്കേറ്റ അമീന് നാല് ദിവസത്തോളം സ്വകാര്യ ആശുപത്രിയില് ചികിത്സയില് ആയിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
District News
ചൂണ്ടൽ: ചൂണ്ടൽ - ഗുരുവായൂർ റോഡിൽ ശരവണഭവൻ ഹോട്ടലിനുസമീപം ഇന്നലെ വൈകുന്നേരം 7.15 ഓടെ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ബൈക്കിടിച്ച് പരിക്കുപറ്റിയ കാൽനട യാത്രികൻ കാണിപ്പയ്യൂർ കുരിശ് സ്വദേശി മണ്ടുംപാൽ വീട്ടിൽ തോമസ് മകൻ ജോസ്(73)നെ കേച്ചേരി ആകട്സ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ മറിഞ്ഞ് ഒരാൾക്കു പരിക്ക്
കേച്ചേരി: മറ്റം കണ്ടിയൂർ കയറ്റത്തിൽ ഇന്നലെ ഉച്ചതിരിഞ്ഞ് നാലോടെ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് പരിക്കുപറ്റിയ മമ്മിയൂർ സ്വദേശി കർണക്കോട്ട് വീട്ടിൽ റഫീഖ് മകൻ റിസാൽ(24)നെ കേച്ചേരി ആകട്സ് പ്രവത്തകർ ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തൃശൂർ: കാഞ്ഞാണിയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. വാടാനപ്പള്ളി സ്വദേശി കൊടുവത്ത്പറമ്പിൽ പ്രണവ് (17), കരുവന്തല സ്വദേശി അഭിമന്യു (19) എന്നിവരാണ് മരിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് പരിക്കേറ്റ് ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.
ബൈക്കിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിക്ക് ഗുരുതരമാണ്. പിക്കപ്പ് വാൻ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
Kerala
പയ്യാവൂർ: പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയിൽ ആൽബിൻ ടി. വിത്സൺ (19) ആണ് മരിച്ചത്.
പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർഥിയാണ് ആൽബിൻ. ഇന്ന് രാവിലെ പത്തോടെ ബൈക്കിൽ കോളജിലേയ്ക്ക് വരുമ്പോൾ ടോറസ് ലോറിയുടെ അടിയിൽപ്പെട്ടാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പയ്യാവൂർ പോലീസും ഇരിട്ടി ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Kerala
കൊല്ലം: കടയ്ക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചിതറ ഐരകുഴി സ്വദേശി അബിൻ കൃഷ്ണ(25) ആണ് മരിച്ചത്.
നേവി ഉദ്യോഗസ്ഥനാണ് അബിൻ കൃഷ്ണ. ഞായറാഴ്ച രാത്രി ആയിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബിൻ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
കൊച്ചി: മുവാറ്റുപുഴയിൽ സിവിൽ സ്റ്റേഷൻ ജംഗ്ഷന് സമീപം ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പുനലൂർ ഇടമൺ, ഹോളിമാസ് സ്കൂളിന് സമീപം ഉത്രം വീട്ടിൽ ബിജുകുമാർ (സാമി- 57) ആണ് മരിച്ചത്.
ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മൂലമറ്റം സ്വദേശി ഹരി(28)ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. മുടവൂർ ഭാഗത്തുള്ള വർക്ക്ഷോപ്പിലെ ജീവനക്കാരായിരുന്നു ഇരുവരും. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.
ലോറിയുടെ അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു ബിജുകുമാർ. അഗ്നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ച് നീക്കിയാണ് ബിജുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ഷൈനിയാണ് ബിജുകുമാറിന്റെ ഭാര്യ. മക്കൾ: അഞ്ജിത, അഞ്ജന. ഹരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
National
മുംബൈ: മഹാരാഷ്ട്രയിലെ മുളുണ്ടിൽ ഐരോളി പാലത്തിന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചെന്പൂർ സ്വദേശി മിത്തൽ പാട്ടീൽ (32) ആണ് മരിച്ചത്. അപകടത്തിന് ശേഷം ഓട്ടോ ഡ്രൈവർ വാഹനം നിർത്താതെ പോയി.
ഓട്ടോ ഡ്രൈവർ യു ടേൺ എടുക്കുന്നതിനിടെ മിത്തൽ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നു തെറിച്ചുവീണ മിത്തലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ മിത്തലിനെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായി. ഒളിവിൽ പോയ ഓട്ടോ ഡ്രൈവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
പാറ്റ്ന: ബിഹാറിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) എംഎൽഎ രാഹുൽ കുമാറിന്റെ സഹോദരൻ രോഹിത് കുമാറിന്റെ മാല ബൈക്കിലെത്തിയ മോഷ്ടാക്കൾ കവർന്നു. കങ്കർബാഗ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സായ് മന്ദിറിന് സമീപമാണ് സംഭവം.
ക്ഷേത്രത്തിന് സമീപത്തുകൂടി കടന്നുപോകുന്നതിനിടെ മോഷ്ടാക്കൾ ബൈക്കിൽ രോഹിതിന്റെ സമീപത്ത് വരികയും കഴുത്തിൽ കിടന്ന മാല മോഷ്ടിച്ച് സ്ഥലം വിടുകയുമായിരുന്നു.
സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തുള്ള സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. വിവരം ലഭിച്ചതിനെത്തുടർന്ന് കങ്കർബാഗ് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala
കാസർഗോഡ്: പാലക്കുന്നിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർഥി മരിച്ചു. ഉദുമ കോട്ടക്കുന്നിലെ നസീറിന്റെ മകൻ ലുക് മാൻ (22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പാലക്കുന്ന് ടൗണിലാണ് അപകടം.
ജിമ്മിൽ പോയി തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. കാസർഗോഡ് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടെക്ക് പോവുകയായിരുന്ന ലോറി അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നു.
മംഗളൂരു ശ്രീദേവി കോളജിൽ ഒന്നാം വർഷ ബിബിഎ വിദ്യാർഥിയാണ് മരിച്ച ലുക് മാൻ.
Kerala
കാസർഗോഡ്: പാലക്കുന്നിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർഥി മരിച്ചു. ഉദുമ കോട്ടക്കുന്നിലെ നസീറിന്റെ മകൻ ലുക് മാൻ (22) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പതോടെ പാലക്കുന്ന് ടൗണിലാണ് അപകടമുണ്ടായത്. ജിമ്മിൽ പോയി തിരികെ വീട്ടിലേയ്ക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. കാസർഗോഡ് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടെക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നു.
മംഗളൂരു ശ്രീദേവി കോളേജിൽ ഒന്നാം വർഷ ബി.ബി.എ വിദ്യാർഥിയാണ് മരിച്ച ലുക് മാൻ. മാതാവ്: റസീന മൊഗ്രാൽപുത്തൂർ. സഹോദരങ്ങൾ: നൗമാൻ,സഫ്റാൻ, ഫാത്തിമ.
District News
പൂവാർ: അമിത വേഗതയിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ തെറിച്ച് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരുംകുളം പുതിയതുറ ആഴാങ്കൽ പുരയിടത്തിൽ ഡൊമിനിക്കിന്റെയും അജിതയുടെയു മകൻ ഡൊമീഷ് ഡൊമനിക് (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കരുംകുളം പുതിയതുറ ഉരിയരിക്കുന്നിൽ ടോംകുമാറിന്റെയും - ഷെറിന്റെയും മകൻ ഷാരോൺ (20) നെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ 12.30 ഓടെ പൂവാർ മൃദംഗ തീയറ്ററിനു സമീപത്തായിരുന്നു അപകടം.അപകട സമയത്ത് ഡൊമീഷ് ബൈക്കിന്റെ പിന്നിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. വേഗതയിൽ എത്തിയ ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. മരിച്ച ഡൊമീഷിന്റെ മാതാപിതാക്കൾ വിദേശത്താണ്.
പത്താം ക്ലാസിൽ പരീക്ഷ എഴുതി ഫലം കാത്തിരുന്ന വിദ്യാർഥിയാണ് ഡൊമീഷ്. പരിക്കേറ്റ ഷാരോൺ ബംഗളൂരുവിൽ സ്വകാര്യ കോളജിൽ എൻജിനിനീയിംഗ് വിദ്യാർഥിയാണ്. അപകടത്തിൽ പൂവാർ പോലീസ് കേസെടുത്തു.
National
ന്യൂഡൽഹി: അമിതവേഗത്തിൽ വന്ന കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. കരവാൾ നഗർ സ്വദേശികളായ രോഹിത് (31), ഹേമന്ത് (33) എന്നിവരാണ് മരിച്ചത്. ഇരുവരും ഐപിഎൽ കണ്ട് വീട്ടിലേക്കു മടങ്ങുകയായിരുന്നു. സംഭവത്തിൽ കാർ ഡ്രൈവർ ഹിമാൻഷു (27) നെ പോലീസ് അറസ്റ്റ് ചെയ്തു.
ഭജൻപുര മെട്രോ സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. അമിതവേഗത്തിൽ വന്ന കാർ ബൈക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് ഹിമാൻഷുനെ അറസ്റ്റ് ചെയ്തു. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ഫോറൻസിക് വിദഗ്ധർ അപകടസ്ഥലം പരിശോധിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നു പോലീസ് പറഞ്ഞു.